ട്രെയിനിലെ എടിഎം ആദ്യം ഈ റൂട്ടില്‍; വീഡിയോ പങ്കുവെച്ച് റെയില്‍വേ മന്ത്രി
മുംബൈ(MUMBAI): എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിൻ സർവ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മുംബൈ-മന്മദ് പഞ്ച്‍വഡി എക്സ്പ്രസിൽ ആണ് ആദ്യഘട്ടത്തിൽ ഈ സർവ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയിൽ എടിഎം സ്ഥാപിച്ച ആദ്യത്തെ ട്രെയിനായി മാറി പഞ്ച്‍വഡി എക്സ്പ്രസ്. ട്രെയിനിന്റെ എയർ കണ്ടീഷൻ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. സർവ്വീസിന്റെ ട്രയൽ റൺ പൂർത്തിയാക്കിക്കഴിഞ്ഞു.
ട്രെയിൻ യാത്രക്കിടയിൽപ്പോലും പണം പിൻവലിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയുടെ ഇന്നൊവേറ്റീവ് ആൻഡ് നോൺ-ഫെയർ റവന്യൂ ഐഡിയാസ് സ്കീമിന്റെ (INFRIS) ഭാഗമായാണിത്.
എ.സി. കോച്ചിലാണ് എ.ടി.എം സ്ഥാപിച്ചിരിക്കുന്നതെങ്കിലും, പഞ്ച്‍വഡി എക്സ്പ്രസിന്റെ 22 കോച്ചുകളിലെയും യാത്രക്കാർക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. പണം പിൻവലിക്കുന്നതിനു പുറമേ യാത്രക്കാർക്ക് ചെക്ക് ബുക്കുകൾ ഓർഡർ ചെയ്യാനും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ സ്വീകരിക്കാനും ഈ എ.ടി.എം ഉപയോഗിക്കാം. സുരക്ഷ ഉറപ്പാക്കുന്നതിനായി എ.ടി.എമ്മിൽ ഒരു ഷട്ടർ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും സിസിടിവി ക്യാമറകളും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ഭൂസാവൽ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സഹകരിച്ചാണ് പുതിയ സംരംഭമൊരുങ്ങുന്നത്. പരീക്ഷണ ഘട്ടത്തിൽ യാത്രയിലുടനീളം മെഷീൻ സുഗമമായി പ്രവർത്തിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പരിമിതമായ മൊബൈൽ കണക്റ്റിവിറ്റി കാരണം ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള പാതയിൽ ചില ചെറിയ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ സൂചിപ്പിച്ചു. ഭൂസാവൽ ഡിവിഷൻ സംഘടിപ്പിച്ച INFRIS മീറ്റിംഗിലാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഡിവിഷണൽ റെയിൽവേ മാനേജർ പാണ്ഡെ പറഞ്ഞു.
Highlights: First ATM on train on this route; Railway Minister shares video