നോഹയുടെ വണ്ടർ ഗോൾ! സൂപ്പർ കപ്പിൽ ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ(Bhubaneswar): കലിംഗ സൂപ്പർ കപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ജീസസ് ജിമിനസ് (41ാം മിനിറ്റ്, പെനാൽറ്റി), നോഹ സദോയി (64ാം മിനിറ്റിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പരിശീലകൻ ഡേവിഡ് കറ്റാലയും ജയത്തോടെ ആദ്യ മത്സരം അവിസ്മരണീയമാക്കി. 38ാം മിനിറ്റിൽ നോഹ സദോയിയെ ബോക്സിനുള്ളിൽ ബംഗാൾ താരം അൻവർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
ജിമിനസിന്‍റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയെങ്കിലും കിക്കെടുക്കുന്നതിനു മുമ്പേ ഗോൾ കീപ്പർ മുന്നോട്ടു നീങ്ങിയിരുന്നു. ഇതോടെ റഫറി വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാം തവണയും ജിമിനസ് തന്നെയാണ് കിക്കെടുത്തത്. ഇത്തവണ താരത്തിന് തെറ്റിയില്ല, പന്ത് അനായാസം വലയിൽ. തൊട്ടുപിന്നാലെ ബംഗാൾ താരം വിഷ്ണുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.റീബൗണ്ട് പന്ത് വലയിലാക്കാൻ ബംഗാളിന്‍റെ മെസ്സിക്ക് ഓപ്പൺ അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലേക്ക് പുറത്തേക്കാണ് പോയത്. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. 64ാം മിനിറ്റിലാണ് നോഹ സദോയിയുടെ വണ്ടർ ഗോൾ പിറക്കുന്നത്.
വലതു പാർശ്വത്തിൽനിന്ന് ബംഗാളിന്‍റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറി ബോക്സിനു തൊട്ടു മുന്നിൽനിന്ന് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട്, ഗോൾകീപ്പറെയും മറികടന്ന് വലയിൽ. അവസാന മിനിറ്റുകളിൽ ലീഡ് വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ലഭിച്ചത്. ഇൻജുറി ടൈമിൽ സദോയി ഒരു സുവർണാവസരം നഷ്ടപ്പെടുത്തി. ഐ.എസ്.എല്ലിലെ തിരിച്ചടി മറന്ന് സൂപ്പർ കപ്പിൽ ആദ്യ മത്സരം ജയിച്ച് ആരാധകരെ സന്തോഷിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി. നോക്കൗട്ട് റൗണ്ടായതിനാൽ ജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കും. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് എട്ടും ഈസ്റ്റ് ബംഗാൾ ഒമ്പതും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബ്ലാസ്റ്റേഴ്സിന് ഇതുവരെ ദേശീയതലത്തിൽ ഒരു കിരീടം പോലുമില്ല. ഇത്തവണ അതിനു മാറ്റമുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്വാർട്ടറിൽ കരുത്തരായ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.
Highlights: Noah’s wonder goal! Blasters start winning in Super Cup