HighlightsInternational

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് മോദിയും രാഹുലും

ന്യൂഡൽഹി(New Delhi): ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
‘‘ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറിൽ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കും. ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു. പ്രതിസന്ധി നേരിടുന്നവർക്കു മുൻപിൽ പ്രതീക്ഷയുടെ വെട്ടമായി. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറച്ച് സ്നഹേത്തോടെ ഓർക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എല്ലായിപ്പോഴും ഓർമിക്കപ്പെടും. ദൈവത്തിന്റെ കരുണയിൽ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ.’’

രാഹുൽ ഗാന്ധി:

‘‘കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു, സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകൾ.’’

മുഖ്യമന്ത്രി പിണറായി വിജയൻ:

‘‘മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.’’

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ:

‘‘വളരെ ജനകീയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ 8–9 മിനിറ്റിൽ കൂടുകയില്ല. പിന്നീട് ജനങ്ങളെ സ്വീകരിക്കുന്ന സ്ഥലത്തായിരിക്കും അദ്ദേഹം. മാർപാപ്പ അവരെ ചേർത്തുപിടിച്ചു, സംവദിച്ചു, ഫോട്ടോയെടുത്തു, അങ്ങനെ മണിക്കൂറുകൾക്കു േശഷമായിരിക്കും ഔദ്യോഗിക വസതിയിലേക്ക് പോവുക. മാർപാപ്പയുടെ ഔദ്യോഗിക വസതി വത്തിക്കാനിലെ കൊട്ടാരമാണ്. എന്നാൽ അവിടെ താമസിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.

ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്ന കർദിനാളുമാരും സഭാതലവന്മാരും താമസിക്കുന്ന ഹോസ്റ്റലിലാണ് അദ്ദേഹവും താമസിച്ചിരുന്നത്. ഞാൻ സഭാ തലവനായി ചുമതലയേറ്റ ശേഷം അവിടെ താമസിക്കുമ്പോൾ അദ്ദേഹം ഊട്ടുമുറിയിൽ വരുന്നതും അഭിവാദ്യം ചെയ്യുന്നതുമൊക്കെ കാണാറുണ്ട്. ഒരിക്കൽ ചൈനയിൽ നിന്നുള്ള മെത്രാൻ പ്രതിനിധി സംഘം വന്നപ്പോൾ ഊട്ടുമേശയിൽ നിന്ന് എഴുന്നേറ്റ് ചെന്ന് കുശലം പറയുന്നതു കണ്ടു. ലിഫ്റ്റിലൊക്കെ വച്ചു കാണുമ്പോൾ വിശേഷങ്ങൾ തിരക്കുകയും സുഖവിവരം അന്വേഷിക്കുകയുമൊക്കെ അദ്ദേഹം ചെയ്തിരുന്നു.’’

Highlights: Modi and Rahul condole the demise of Pope Francis

error: