പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നത് എല്ലാവർക്കും കാണാവുന്നതല്ലേ: കേന്ദ്രത്തെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം(Thiruvanathapuram): പഹൽഗാമിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പഹൽഗാമിലെ തീവ്രവാദ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം.
തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സെക്യൂരിറ്റി ലാപ്സ് ഉണ്ടായി എന്നത് എല്ലാവര്ക്കും കാണാവുന്നതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘സെക്യൂരിറ്റി ലാപ്സ് ഉണ്ടായി എന്നത് നമുക്കെല്ലാവർക്കും കാണാവുന്നതല്ലേ. പാകിസ്ഥാനി തീവ്രവാദികൾ വന്ന് മതം ചോദിച്ച് നിരപരാധികളായ സാധാരണക്കാരെ, അവിടെ സഞ്ചരിക്കാൻ പോയ സാധാരണക്കാരെ ക്രൂരമായി കൊന്നത് നമ്മൾ കണ്ടു. അത് എങ്ങനെ നടന്നു, എന്തുകൊണ്ട് നടന്നു അതെല്ലാം സർക്കാർ നോക്കും,’ അദ്ദേഹം പറഞ്ഞു.
ഒപ്പം ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും സി.പി.ഐ.എമ്മും കോൺഗ്രസും ഇത് മനസിലാക്കണമെന്നും വി.ഡി സതീശനും എം.എ ബേബിയും സുരക്ഷാ വിദഗ്ധരാവേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചു. നേരത്തെ സൈന്യം പുറത്തുവിട്ട രേഖാചിത്രങ്ങളിലെ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ 1500 പേരെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ.
26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാക് പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ൽ നിന്ന് മുപ്പതായി വെട്ടിക്കുറക്കാനും തീരുമാനമുണ്ട്
Highlights: Isn’t it obvious to everyone that there was a security lapse in Pahalgam: Rajiv Chandrashekhar slams the Centre