HighlightsNational

തിരിച്ചടിക്ക് ഒരുങ്ങി സൈന്യം; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന, ‘ഇന്ത്യൻ മേഖലയിലേക്ക് കടന്നാൽ തകര്‍ക്കും

ന്യൂഡൽഹി (New Delhi)പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നൽകാനൊരുങ്ങി സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി. ഇന്ത്യൻ മേഖലയ്ക്കുള്ളിൽ പ്രവേശിച്ചാൽ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നൽകുന്ന മുന്നറിയിപ്പ്. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നൽകിയതിനാൽ തന്നെ സൈന്യത്തിന്‍റെ നീക്കം ഉറ്റുനോക്കുകയാണ് രാജ്യം.

നാളെ വരെ അറബിക്കടലിലെ സൈനിക അഭ്യാസം തുടരും.ഇന്നത്തെ വ്യോമസേന അഭ്യാസത്തിൽ റഫാലടക്കമുള്ള വിമാനങ്ങൾ ഉപയോഗിക്കും.അതിർത്തിയിലും നിയന്ത്രണരേഖയിലും കൂടുതൽ പടക്കോപ്പുകൾ എത്തിച്ച് കരസേനയും ഒരുങ്ങുകയാണ്. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ കടന്നു കയറിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് പാക് പ്രസിഡൻറും പ്രധാനമന്ത്രിയും വ്യക്തമാക്കി.

അതേസമയം, രുദ്ര അടക്കം എഎൽഎച്ച്  ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കേന്ദ്രം അനുമതി നൽകി. ജനുവരി മുതൽ സാങ്കേതിക കാരണങ്ങളാൽ ഇവയുടെ പറക്കൽ നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യാ പാക് സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അനുമതി. കവചിത വാഹനങ്ങൾ ഡ്രോണുകൾ എന്നിവ തകർക്കാൻ ഈ ഹെലികോപ്റ്ററുകൾക്ക് കഴിയും.

ഇതിനിടെ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ കശ്മീരിലെ വിവിധയിടങ്ങളിൽ തുടരുകയാണ്. പാക്കിസ്ഥാൻ ആവർത്തിച്ച് വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷാ വിന്യാസം ഇന്ത്യ ശക്തമാക്കി. സേനകളുടെ അഭ്യാസപ്രകടനവും തുടരുകയാണ്. യുപി യിലെ ഗംഗ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങൾ അണിനിരത്തി വ്യോമസേനയുടെ പ്രകടനം നടക്കും. അറബിക്കടലിൽ നേവിയുടെ പ്രകടനം തുടരുകയാണ്. ഭീകരാക്രമണത്തിലെ സർക്കാർ നടപടി ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതിയും യോഗം ചേരും.

Highlights: Army prepares for retaliation; Navy warns Pakistan, ‘will destroy if it enters Indian territory

error: