രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കശ്മീരിൽ ഭീകരനെന്ന് സംശയിക്കുന്നയാൾ മുങ്ങിമരിച്ചു
ശ്രീനഗർ: പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന, ഭീകരനെന്ന് സംശയിച്ചിരുന്ന യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചു. കുൽഗാം സ്വദേശിയായ ഇംത്തിയാസ് അഹമ്മദ് എന്ന യുവാവ് ആണ് നദിയിൽ മുങ്ങിമരിച്ചത്.
ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പർ സെല്ലാണ് ഇയാൾ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് ഒരു ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഇംത്തിയാസിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ ഇയാൾക്കു അറിയാമെന്ന് മനസിലായതോടെ പൊലീസ് ഇംത്തിയാസിനിയുമായി തിരച്ചിലിനിറങ്ങി. ഇതിനിടെയാണ് യുവാവ് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടിയതും മുങ്ങി മരിച്ചതും.
ഏപ്രിൽ 23ന് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇംത്തിയാസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ താൻ ഭീകരനാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നതായാണ് വിവരം. തുടർന്നാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനായി ഇംത്തിയാസിനെയും കൂട്ടി പൊലീസ് തിരച്ചിലിനിറങ്ങിയത്.
സംഭവത്തിൽ ഇംത്തിയാസിന്റെ കുടുംബം പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മകന്റേത് കസ്റ്റഡി മരണമാണെന്നും പൊലീസ് മകനെ കൊലപ്പെടുത്തിയതാണെന്നും കുടുംബം പ്രതികരിച്ചു. നേരത്തെ കുൽഗാമിൽ നിന്നുള്ള മൂന്ന് ചെറുപ്പക്കാരുടെ മൃതദേഹം ഇത്തരത്തിൽ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ആ വിഷയം ഇപ്പോഴും അന്വേഷണത്തിലാണ്. ഇംത്തിയാസിന്റെ മരണം പൊലീസ് നടത്തിയ നാടകമാണോ എന്ന് ചോദ്യവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും രംഗത്തുവന്നിട്ടുണ്ട്.
Highlights: suspected terrorist drowned to death while trying to escape