കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡൽഹി ( New Delhi): കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാൻപൂർ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിർദേശിച്ച സമയ പരിധിക്കുള്ളിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്. കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവേയാണ് കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയത്. ‘പാക് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാൽ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു’- എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. കേണൽ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.
Highlights: Remark against Colonel Sophia Qureshi; Police register case against Minister Vijay Shah.