ആശാ സമരം: ഒന്നര മാസം മുൻപ് പ്രഖ്യാപിച്ച സമിതി രൂപീകരിച്ച് സർക്കാർ, പഠിക്കാൻ ഇനി മൂന്നു മാസം
തിരുവനന്തപുരം(Thiruvananthapuram): ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. വനിതാ ശിശു വികസന ഡയറക്ടർ ഹരിത വി.കുമാർ ചെയർപഴ്സൺ ആയാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. ആശമാരുടെ ഓണറേറിയം, സേവനകാലാവധി എന്നിവ സംബന്ധിച്ച് പഠിച്ച് സമിതി റിപ്പോർട്ട് നൽകും.
ആശാ വർക്കർ സമരം ശക്തമായ സാഹചര്യത്തിൽ സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിരുന്നില്ല. സമിതി രൂപീകരിക്കുന്ന വിവരം സർക്കാർ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. ഒരു വിഭാഗം ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാപ്പകൽ യാത്ര നടത്തുന്നതിനിടെയാണ് പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്. ആശാ സമരം 100 ദിവസത്തോട് അടുക്കുകയാണ്.
ഏപ്രിൽ 3ന് നടന്ന ചർച്ചയിലാണ് പ്രശ്നം പഠിക്കാൻ സമിതിയെ വയ്ക്കാമെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ നിലവിലുള്ള 7000 രൂപ ഓണറേറിയം 10000 രൂപയായി വർധിപ്പിക്കണമെന്ന് ചർച്ചയിൽ ആശാ വർക്കർമാർ ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഓണറേറിയം വർധിപ്പിച്ച ശേഷം സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് സമരസമിതി അറിയിച്ചിരുന്നത്. നിലവിൽ 38 ദിവസത്തിനു ശേഷമാണ് സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഹരിതാ വി.കുമാറിനു പുറമേ ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ആർ.സുഭാഷ്, ധന, തൊഴിൽ വകുപ്പിൽനിന്ന് അവർ നിർദേശിക്കുന്ന അഡീ.സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ, എൻഎച്ച്എം സോഷ്യൽ ഡവലപ്മെന്റ് മേധാവി കെ.എം.സീന എന്നിവരാണ് സമിതിയിലുള്ളത്. സമിതി വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതു പരിഗണിച്ചാവും സർക്കാർ ഓണറേറിയം വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. അതേസമയം, ഓണറേറിയം വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാനും സമിതിയുടെ ആവശ്യമില്ലെന്നും സമരം പൊളിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമിതി രൂപീകരണമെന്നുമാണ് സമരസമിതി നേതാക്കൾ ആരോപിക്കുന്നത്.
Highlights: Asha strike: Government forms committee announced a month and a half ago, has three months to study