ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഗൗതമി
ചെന്നൈ(Chennai): പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്.
ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഗൗതമി പരാതിയിൽ ആരോപിക്കുന്നു. കൂടാതെ അഭിഭാഷകാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവർ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും ഇന്ത്യ ഗ്ലിറ്റ്സ് തമിഴിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിലർ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നടി പരാതിയിൽ പറയുന്നു.
Highlights: Actress Gautami seeks police protection as her life is in danger