യുക്രൈനുള്ള സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക
വാഷിങ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ല. പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപ് – സെലൻസ്കി തർക്കത്തിന് പിന്നാലെയാണ് നിർണായക തീരുമാനം.
സമാധാനത്തിനായാണ് അമേരിക്കയും പ്രസിഡന്‍റ് ട്രംപും നിലകൊള്ളുന്നതെന്നും ഇക്കാര്യത്തിൽ എല്ലാ സഖ്യകക്ഷികളും പ്രതിബദ്ധത കാണിക്കണമെന്നുമാണ് വൈറ്റ് ഹൌസ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു. സെലൻസ്കിയെ സമ്മർദത്തിലാക്കിയാണ് അമേരിക്കയുടെ പുതിയ നീക്കം.
അതിനിടെ യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്.