ഭീകരാക്രമണ സാധ്യത; പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുമായി യുഎസ്
വാഷിങ്ടൻ: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയാണ് യാത്ര നിർദേശം.
പാകിസ്ഥാനിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണം. ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയായിരിക്കാം ഭീകരർ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.