International

സിറിയയിൽ പുതിയ തുടക്കം; താൽകാലിക ഭരണഘടന നിലവിൽ വന്നു

ഡമാസ്കസ്: സിറിയയില്‍ താല്‍ക്കാലിക ഭരണഘടന പ്രഖ്യാപിച്ചു. 5 വര്‍ഷത്തേക്കുള്ള ഇടക്കാല ഭരണഘടനയ്ക്കാണ് പ്രസിഡന്‍റ് അഹമദ് അല്‍ ഷറ അംഗീകാരം നല്‍കിയത്. രാജ്യത്തിന്‍റെ പ്രസിഡന്‍റ് മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിലുമുണ്ട്.

സ്ത്രീകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. സിറിയന്‍ ജനതയ്ക്ക് ഇതൊരു പുതിയ തുടക്കമാകുമെന്ന് പ്രസിഡന്‍റ് അഹമദ് അല്‍ ഷറ പറഞ്ഞു.

അസദ് ഭരണകൂട്ടത്തെ അട്ടിമറിച്ച് സിറിയ പിടിച്ചെടുത്ത വിമത സഖ്യം കഴിഞ്ഞ ജനുവരിയിലാണ് നിലവിലുണ്ടായിരുന്ന ഭരണഘടന റദ്ദാക്കിയത്. ഡിസംബർ എട്ടാം തിയ്യതിയാണ് സിറിയൻ വിമതസേന ദമാസ്കസ് പിടിച്ചടക്കുന്നതും പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതും. അസദ് ഭരണം വീണതിൽ പ്രതികരണവുമായി ലോക രാജ്യങ്ങൾ രംഗത്തു വന്നിരുന്നു.

സിറിയക്ക് പുതുഅവസരമെന്നും ഒപ്പം അപകട ഭീഷണിയെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. സമാധാനം പാലിക്കണമെന്ന് അയർലൻഡ് പ്രതികരിച്ചപ്പോൾ ക്രൂരമായ ഭരണം അവസാനിച്ചെന്നായിരുന്നു ബ്രിട്ടൻ്റെ പ്രതികരണം. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിചാരണ നേരിടണമെന്ന് കാനഡയും ആവശ്യപ്പെട്ടിരുന്നു.

error: