അമേരിക്കയിൽ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചു
വാഷിങ്ടണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും 40 പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച മുതൽ വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് മിസോറിയിലാണ്. ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതും മിസോറിയിലാണ്. ഇതുവരെ 12 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടെക്സസിലും കൻസാസിലും ശക്തമായി വീശിയടിച്ച പൊടിക്കാറ്റിന്റെ ഫലമായി വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർ മരിച്ചു. ഒക്ലഹാമയിൽ ചുഴലിക്കാറ്റിന്റെ ഫലമായി കാട്ടുതീ പടർന്നതായി റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 133 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ഒക്ലഹാമയിലെ തീപിടുത്തത്തിൽ 170,000 ഏക്കർ കത്തിനശിച്ചു. സംസ്ഥാന ഗവർണർ കെവിൻ സ്റ്റിറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാംഹൗസ് ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. അർക്കൻസാസ്, അലബാമ, മിസിസിപ്പി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. 320,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി പ്രശ്നം നേരിടുന്നതായാണ് റിപ്പോർട്ട്.
മിസിസിപ്പിയിൽ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. അലബാമയിൽ ചുഴലിക്കാറ്റുകളിൽ 82 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അർക്കാൻസാസിൽ മൂന്ന് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കൊടുങ്കാറ്റ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നാഷണൽ ഗാർഡിനെ അർക്കാൻസാസിൽ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഭയാനകമായ കൊടുങ്കാറ്റ് ബാധിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു.