International

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം: സമാധാനാഹ്വാനവുമായി മാർപ്പാപ്പ

വത്തിക്കാൻ സിറ്റി(Vathican city): പലസ്തീനികൾക്ക് വേണ്ടി വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം വീണ്ടും ആരംഭിച്ചതിൽ താൻ ദുഖിതനാണെന്നും ആക്രമണം നിരവധി ജീവനെടുക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം, ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയുടെ ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ആശുപത്രി മുറ്റത്ത് എത്തിയിരുന്ന 3000ത്തിലധികം ആളുകളെ അഭിവാദ്യം ചെയ്തു. ന്യുമോണിയ ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14നായിരുന്നു റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ഗാസയിലെയും മറ്റ് സംഘർഷ മേഖലകളിലെയും അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിനായുള്ള തന്റെ ആഹ്വാനം വീണ്ടും ആവർത്തിച്ചു.

‘ഗാസയിൽ ഇസ്രയേൽ നടത്തുന്ന കനത്ത ബോംബാക്രമണം പുനരാരംഭിച്ചതിൽ ഞാൻ അതീവ ദുഃഖിതനാണ്. ഇത് നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി. ആക്രമണങ്ങൾ ഉടനടി നിർത്താനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിർത്തൽ കൈവരിക്കാൻ ചർച്ചകൾ നടത്താനും ഞാൻ ആഹ്വാനം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

Highlight: Pope Francis calls for an end to heavy bombing of Gaza

error: