International

യു.എസില്‍ ഇനി വോട്ടുചെയ്യാന്‍ പൗരത്വ രേഖകള്‍ ഹാജരാക്കണം; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടൺ(Washington): യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വോട്ടെടുപ്പിന് മുമ്പ് പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. വോട്ടർ രജിസ്‌ട്രേഷനിൽ പൗരത്വത്തിനുള്ള തെളിവ് നിർബന്ധമാക്കുന്നതിനൊപ്പം എല്ലാ ബാലറ്റുകളും തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.എസ്. തെരഞ്ഞെടുപ്പ് അവകാശങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ട്രംപ് ഉത്തരവിൽ ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക പങ്കിടുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനും ഫെഡറൽ ഏജൻസികളുമായി സഹകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ഇത് പാലിക്കാത്ത സംസ്ഥാനങ്ങളുടെ ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്നും ഉത്തരവിൽ പരാമർശമുണ്ട്.

അമേരിക്കയിലെ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പാസ്‌പോർട്ട് പോലുള്ള പൗരത്വ തെളിവ് നിർബന്ധമാക്കുന്നതിനായി ഫെഡറൽ വോട്ടർ രജിസ്‌ട്രേഷൻ ഫോമിൽ ഭേദഗതി വരുത്തുകയും തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന മെയിൽ-ഇൻ ബാലറ്റുകൾ പോസ്റ്റ് ചെയ്ത തീയതി പരിഗണിക്കാതെ സംസ്ഥാനങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്യുന്നു.

ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകളും വഞ്ചനയും നടക്കുന്നുണ്ടെന്ന ട്രംപിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനോടുള്ള തോൽവിക്ക് കാരണം തെരഞ്ഞെടുപ്പ് തകരാറിലായിരുന്നുവെന്നാണ് ട്രംപ് ആവർത്തിച്ച് ആരോപിച്ചിരുന്നത്.

ഉത്തരവിൽ ഒപ്പുവച്ച ശേഷം തെരഞ്ഞെടുപ്പ് തട്ടിപ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക്കൻ അംഗങ്ങൾ ഉത്തരവിനെ പിന്തുണച്ച് പൊതുജന വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അമേരിക്കൻ പൗരന്മാരുടെ മാത്രം വോട്ടവകാശം ഉറപ്പാക്കുമെന്നും ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർഗർ പ്രതികരിച്ചു.

Highlights: Trump signs order requiring citizens to show proof of citizenship to vote in the US

error: