InternationalTop Stories

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു


( വത്തിക്കാൻ സിറ്റി) Vatican City കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. നീണ്ട 89 വര്‍ഷത്തെ വിശുദ്ധ ജീവിതത്തിനൊടുവിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തത്. റോമന്‍ കത്തോലിക്കാ സഭയുടെ 266–ാമത്തെ മാര്‍പാപ്പയായ അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. 2013 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവച്ചതോടെയാണ് ചുമതലയേറ്റത്.  കടുത്ത ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന പാപ്പ അടുത്തയിടെയാണ് രോഗവിമുക്തി നേടിയത്. പുലര്‍ച്ചെ 7.35 (പ്രാദേശിക സമയം) ഓടെ റോമിലെ ബിഷപ് ഹൗസില്‍ വച്ച് മാര്‍പാപ്പ ദൈവ സന്നിധിയിലേക്ക് മടങ്ങിപ്പോയെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സഭയിക്കും ദൈവത്തിനുമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതമെന്നും കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 
1936 ല്‍ ജനിച്ച പാപ്പ 56 വര്‍ഷം മുന്‍പാണ് വൈദികനായത്. 2001 ല്‍ കര്‍ദിനാളായി. തീര്‍ത്തും ലളിതമായ ജീവിതമാണ് മാര്‍പാപ്പ നയിച്ചത്. പറഞ്ഞതു തന്നെ പ്രവര്‍ത്തിച്ചും പ്രാര്‍ഥിച്ചും ലോക സമാധാനത്തിനായി പാപ്പ നിലകൊണ്ടു. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച്‌ബിഷപ് ആയിരുന്ന ജോർജ് മാരിയോ ബർഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായപ്പോഴും സാധാരണ മുറിയില്‍ കഴിഞ്ഞും മനുഷ്യന്‍റെ കണ്ണീരും വേദനയും ഒപ്പിയും ജീവിതം തുടര്‍ന്നു. വീടുകളില്ലാത്തവരെ ചേര്‍ത്ത് പിടിച്ചും കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ഥികളെയും ജയിലില്‍ കഴിയുന്നവരെയും ഉള്‍പ്പെടുത്തിയും വലിയ ഇടയന്‍റെ മാതൃക പിന്‍പറ്റി. 

Highlights: Francis marpapa passed away

error: