International

‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’; യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു

മോണ്ടിവിഡിയോ: ലാറ്റിനമേരിക്കന്‍ വിമോചനസമര നേതാവും യുറഗ്വായ് മുന്‍ പ്രസിഡന്റുമായ ഹോസെ മൊഗിക്ക (89) അന്തരിച്ചു. എളിമയാര്‍ന്ന ജീവിതശൈലികൊണ്ട് ‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’ എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം ‘പെപ്പേ മൊഗിക്ക’എന്നാണു വിളിച്ചത്.

2024-ല്‍ അന്നനാള അര്‍ബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടര്‍ന്നു. ഈവര്‍ഷം ആദ്യത്തോടെ ചികിത്സ നിര്‍ത്തിവെച്ച് അവസാന നാളുകള്‍ തന്റെ ഫാമില്‍ ചെലവഴിച്ചു. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. സായുധ വിപ്ലവകാലത്തിനുശേഷം തിരഞ്ഞെടുപ്പുരാഷ്ട്രീയ പാതയിലെത്തിയ മൊഗിക്ക 74ാം വയസില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറിയത്. സ്വവര്‍ഗവിവാഹം, ഗര്‍ഭഛിദ്രം എന്നിവ അനുവദിക്കുന്ന നിയമങ്ങള്‍ പാസാക്കി. ലഹരിക്കുറ്റങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നിയന്ത്രിത മാരിവാന വില്‍പനയ്ക്ക് നിയമം കൊണ്ടുവന്നു.

പ്രസിഡന്റായശേഷം ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ വിസമ്മതിച്ച മൊഗിക്ക നഗരത്തിനുപുറത്തു തകരമേല്‍ക്കൂരയിട്ട സാധാരണ വീട്ടില്‍ താമസം തുടരുകയായിരുന്നു. കോട്ടും ടൈയും ഒഴിവാക്കി. പഴയ ബീറ്റില്‍ കാറോടിച്ചു പട്ടണത്തിലെ സാധാരണ റസ്റ്ററന്റുകളിലാണു ഭക്ഷണം കഴിക്കാന്‍ പോയിരുന്നത്. 1960-70 കാലത്തു ദരിദ്രകര്‍ഷകരെ സംഘടിപ്പിച്ച ഇടതുപക്ഷ ഗറില്ലാ സംഘടനയായ ടുപമറോസിന്റെ നേതാവായിരുന്നു. സൈനിക സ്വേച്ഛാധികാരത്തിനുകീഴില്‍ 15 വര്‍ഷത്തോളം ഏകാന്തതടവിനുശേഷം 1985ല്‍ മോചിതനായി. ഗറില്ല സമരകാലത്ത് ഒരുമിച്ചുണ്ടായിരുന്ന ലൂസിയ ടോപലന്‍സ്‌കിയെയാണു വിവാഹം ചെയ്തത്. ലൂസിയ 20172020 കാലത്ത് യുറഗ്വായ് വൈസ് പ്രസിഡന്റായിരുന്നു.

Highlights: ‘World’s poorest president’; Former Uruguay President José Mujica passes away.

error: