International

പുടിനും സെലെന്‍സ്‌കിയും കൂടിക്കാഴ്ചയ്ക്കില്ല; പിന്‍മാറി ട്രംപും

റഷ്യ-യുക്രെയ്ന്‍ സംഘർഷാവസാനം ഉടനില്ലെന്ന സൂചന നല്‍കി റഷ്യ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തുര്‍ക്കിയിലേയ്ക്ക് പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രെംലിന്‍. പകരം, 2022 ല്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള അവസാന നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പുടിന്റെ അടുത്ത സഹായിയായ വ്‌ളാഡിമിര്‍ മെഡിന്‍സ്‌കിയായിരിക്കും തങ്ങളുടെ പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് ക്രെംലിന്‍ അറിയിച്ചു. ഇതോടെ പുടിനും സെലെന്‍സ്‌കിയും തമ്മിലുള്ള മുഖാമുഖ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത അവസാനിക്കുകയാണ്. നിലവില്‍ മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇരു നേതാക്കളുടെയും യോഗത്തില്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളും വളരെക്കാലമായി ഉണ്ടായിരുന്നു.

മെഡിന്‍സ്‌കിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേല്‍ ഗലുസിന്‍, റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ഇഗോര്‍ കോസ്റ്റ്യുക്കോവ് എന്നിവരും ഉണ്ടാകും. അതേസമയം, തുര്‍ക്കിയിലെ അങ്കാറയിലേക്ക് യാത്രയ്‌ക്കൊരുങ്ങുകയാണ് സെലെന്‍സ്‌കി, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനെ കാണുക എന്നതാണ് സെലെന്‍സ്‌കിയുടെ ലക്ഷ്യം. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ വരാന്‍ സമ്മതിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇസ്താംബൂളിലേക്ക് പോകാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, 2022 ലെ ഇസ്താംബുള്‍ യോഗത്തിന് സമാനമായി ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ മെഡിന്‍സ്‌കിയെ അയയ്ക്കാനുള്ള റഷ്യയുടെ തീരുമാനം സൂചിപ്പിക്കുന്നത്. യുക്രെയ്‌നിന്റെ സൈന്യത്തെ പരിമിതപ്പെടുത്തുക, പാശ്ചാത്യ പിന്തുണയോടെ അതിന്റെ പുനര്‍നിര്‍മ്മാണം തടയുക തുടങ്ങിയ തീവ്രമായ ആവശ്യങ്ങള്‍ 2022ലെ ആദ്യത്തെ ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍, യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അമേരിക്കയുമായി ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ള ഉന്നത നയതന്ത്രജ്ഞരായ യൂറി ഉഷാക്കോവ്, സെര്‍ജി ലാവ്റോവ് എന്നിവരെ ക്രെംലിന്‍ അയയ്ക്കുന്നില്ല തുര്‍ക്കിയിലേയ്ക്ക് അയക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പുടിന്റെ വരവ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇസ്താംബൂള്‍ സന്ദര്‍ശനം ട്രംപും ഒഴിവാക്കും
തൊട്ടുപിന്നാലെ, ട്രംപും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. പുടിന്‍ ഉണ്ടെങ്കില്‍ മാത്രമേ തുര്‍ക്കിയിലേക്ക് പോകൂ എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. 2019 ഡിസംബറിലാണ് പുടിനും സെലെന്‍സ്‌കിയും അവസാനമായി കണ്ടുമുട്ടിയത്.

error: