കോവിഡ് കേസുകൾ വർധിക്കുന്നു; ഹോങ്കോങ്ങും സിങ്കപ്പൂരും ചൈനയും ജാഗ്രതയിൽ
പല ഏഷ്യൻ രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോഗ്യ അധികാരികൾ പറയുന്നത്. ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്.
ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിലെ ആളുകൾക്കിടയിൽ മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. സിങ്കപ്പൂരും അതീവ ജാഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്. എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.
Highlights: COVID Cases Increasing