ബിബിസിയുടെ എല്ലാ ചാനലുകളും നിര്‍ത്തും: ഓണ്‍ലൈന്‍ മാത്രമെന്ന് ചാനല്‍ മേധാവി
2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിര്‍ത്തുമെന്നും ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. ഇന്റര്‍നെറ്റിലേക്ക് മാത്രമായി പ്രവര്‍ത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവിയുടെ സ്ഥിരീകരണം. 2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി)ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ല്‍ ആണ് സ്ഥാപിതമായത്. പിന്നീട് 1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരില്‍ ബിബിസി പ്രവര്‍ത്തനമാരംഭിച്ചത്. പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമരംഗത്തെ അധികായരാണ് ബിബിസി. ആകെ 21,000-ത്തിലധികം ജീവനക്കാര്‍ ബിബിസിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്.
1922 ല്‍ രൂപീകൃതമായത് മുതല്‍, ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ബിബിസിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.1923-ല്‍ ബിബിസി ആദ്യത്തെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിംഗ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു.1988 ല്‍ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ 11 ദശലക്ഷം കോപ്പികളാണ് അന്ന് വിറ്റു പോയത്. ഇത് ബ്രിട്ടീഷ് മാസികകളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പതിപ്പായി കണക്കാക്കപ്പെടുന്നു.
Highlights: All BBC channels will be shut down: Channel chief says online only