InternationalTop Stories

ഓപറേഷൻ സിന്ദൂർ, പ്രതിനിധി സംഘം യുഎഇയിലെത്തി, ഇന്നും നാളെയുമായി കൂടിക്കാഴ്ചകൾ നടക്കും

ദുബായ്(Dubai): ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിനിധി സംഘം യുഎഇയിലെത്തി. ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേ നയിക്കുന്ന സംഘം ഇന്നലെ രാത്രി 11.20നാണ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.

ഇന്ന് രാവിലെ 9.30ന് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും 10.30ന് പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ, ഫെഡറൽ നാഷനൽ കൗൺസിൽ കമ്മിറ്റി ചെയർമാൻ ഡോ.അലി റാശിദ് അൽ നുഐമിയുമായും മറ്റ് ഫെഡറൽ നാഷനൽ കൗൺസിൽ കമ്മിറ്റി അംഗങ്ങളുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി നിലപാട് വ്യക്തമാക്കും. പിന്നീട് നാഷനൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ.ജമാൽ അൽ കഅബിയുമായും സംഘം കൂടിക്കാഴ്ച നടത്തും. അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നിക്കോളായ് മ്ലെഡെനോവയെയുമായി നാളെ ചർച്ച നടത്തും. ശനിയാഴ്ചയാണ് സംഘം സന്ദർശനം പൂർത്തിയാക്കി യുഎഇയിൽ നിന്ന് മടങ്ങുന്നത്. 

ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേ നയിക്കുന്ന സംഘത്തിൽ ഇടി മുഹമ്മദ് ബഷീർ എംപി, ബാൻസുരി സ്വരാജ് എംപി, അതുൽ ഗാർഗ് എംപി, സാംസിത് പാത്ര എംപി, മനൻകുമാർ മിശ്ര എംപി, മുൻ പാർലമെന്റ് അംഗം എസ് എസ് അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ഛിനോയ് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.

Highlights: Operation Sindoor, delegation arrives in UAE, meetings to be held today and tomorrow

error: