ഗാസയിലെ അഭയകേന്ദ്രമായ സ്കൂളില്‍ ഇസ്രയേല്‍ ബോംബിങ്: 36 മരണം
ജറുസലം(Jerusalem): ഗാസ സിറ്റിയില്‍ അഭയകേന്ദ്രമായ സ്കൂളില്‍ ഇസ്രയേല്‍ ബോംബാക്രമണം. അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 36 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ 52 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആളുകള്‍ ഉറക്കത്തിലായിരിക്കെ മൂന്നുവട്ടമാണ് സ്കൂളില്‍ ബോംബിട്ടത്. ഇതോടെ വന്‍ തീപിടിത്തവുമുണ്ടായി. പിതാവും 5 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജബാലിയയില്‍ മറ്റൊരാക്രമണത്തില്‍ കുടുംബത്തിലെ 16 പേരും കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയില്‍ ഐക്യരാഷ്ട്രസംഘടന (യുഎന്‍) തള്ളിക്കളഞ്ഞ ഇസ്രയേലിന്റെ പുതിയ സഹായവിതരണ സംവിധാനം ഇന്നലെ ആരംഭിച്ചു. ഇതിന് നിയോഗിക്കപ്പെട്ട വിവാദ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ മേധാവി ജെയ്ക് വുഡ് ഞായറാഴ്ച രാജി നല്‍കിയിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായതുകൊണ്ടാണു രാജിയെന്നു വ്യക്തമാക്കി. മുന്‍ സൈനികമേധാവിമാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അംഗങ്ങളായ ഫൗണ്ടേഷനെ യുഎന്നും മറ്റു സന്നദ്ധ സംഘടനകളും നേരത്തേ ബഹിഷ്കരിച്ചതാണ്.
തെക്കന്‍ ഗാസ കേന്ദ്രീകരിച്ചു 4 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സുരക്ഷാസേനയുടെ മേല്‍നേട്ടത്തിലാണ് സംഘടനയുടെ സഹായവിതരണം ഇന്നലെ ആരംഭിച്ചത്. ഹമാസ് ബന്ധമുള്ളവരെ കണ്ടെത്താനായി എല്ലാ കേന്ദ്രങ്ങളിലും പലസ്തീന്‍കാരുടെ വ്യക്തിവിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും.പട്ടിണിയിലായ ഗാസയിലെ 20 ലക്ഷത്തിലേറെ പലസ്തീന്‍കാര്‍ക്കു സഹായമെത്തിക്കാന്‍ ഈ രീതി പര്യാപ്തമല്ലെന്നാണ് യുഎന്‍ സംഘടനകളുടെ വിമര്‍ശനം.
Highlights: Israeli bombing of school in Gaza: 36 dead