കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത കാന്തപുരം വിഭാഗം. 100 കോടി രൂപയുടെ പദ്ധതിയായി ആവിഷ്കരിക്കാനാണ് തീരുമാനം. പ്രാഥമികമായി 50 കോടി രൂപ സമാഹരിച്ച് പദ്ധതി ആരംഭിക്കും.
കോഴിക്കോട് ജില്ലയിലാണ് സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സമസ്തയ്ക്ക് കീഴിലെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും സ്വകാര്യ സർവകലാശാലയ്ക്ക് കീഴിൽ ഏകോപിപ്പിക്കും. സർവകലാശാല സ്ഥാപിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ചരിത്രം, ഭാഷ, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങൾക്ക് പ്രധാന്യം നൽകിയാണ് സർവകലാശാല വിഭാവനം ചെയ്യുന്നത്. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവൽകരണവും വാണിജ്യ – വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. സമസ്തയ്ക്ക് കീഴിലുള്ള നൂറുകണക്കിന് വിദ്യാഭ്യസ സംരംഭങ്ങൾ ലോകത്തിന് മാതൃകയാണെന്നും അവയിൽ ഏറ്റവും മികച്ചതായിരിക്കും സ്വകാര്യ സർവകലാശാലയെന്നും മുശാവറ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കേരള സംസ്ഥാന സ്വകാര്യ സർവകലാശാലകൾ കരട് ബില്ല് – 2025 സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. നേരത്തെ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നത് കാലത്തിന് അനുസൃതമായ അനിവാര്യ നടപടിയാണെന്നാണ് സർക്കാർ വിശദീകരണം. സ്വകാര്യ സർവകലാശാലകളില്ലാതെ സംസ്ഥാനത്തിന് ഇനി മുന്നോട്ടുപോകാനാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു.