ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ഊരാളന്‍ തന്ത്രി നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിച്ചു. കൊടിയേറ്റത്തിനുശേഷം അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കല്‍, കാഴ്ചശീവേലി, ശ്രീഭൂതബലി എന്നിവയുണ്ടാകും. 19 ന് രാത്രി ആറാട്ടിനു ശേഷമാണ് കൊടിയിറങ്ങുക.
ക്ഷേത്രത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചു നടന്ന ആനയില്ലാ ശീവേലി ഭക്തിനിര്‍ഭരമായിരുന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ 38 ആനകളുണ്ടെങ്കിലും ഗജപ്രിയനായ ഗുരുവായൂരപ്പന്‍ തിങ്കളാഴ്ച്ച രാവിലെ ആനയില്ലാതെ ശീവേലി പൂര്‍ത്തിയാക്കി.