Kerala

പത്മകുമാർ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക്

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തിൽ പരസ്യപ്രതികരണങ്ങൾ നടത്തിയ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ നേതൃത്വം. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണ് ധാരണ. പത്തനംതിട്ട ജില്ല സെക്രട്ടേറിയേറ്റിൽ പത്മകുമാറിനെ ഉൾപ്പെടുത്തില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

ചെന്നൈയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിന് ശേഷമായിരിക്കും നടപടി. പത്മകുമാറിനെതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് പത്മകുമാർ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാർ പ്രകടിപ്പിച്ചിരുന്നു. ഉന്നയിച്ച പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും സംഘടന പ്രവർത്തനം നടത്തുന്നവരെ പാർട്ടിയുടെ മേൽഘടകങ്ങളിലേക്ക് പരിഗണിക്കണം എന്നും പത്മകുമാർ ആവർത്തിച്ചിരുന്നു. പാലമെന്ററി രംഗത്ത് പരിചയം ഉള്ളവരെ മാത്രം പരിഗണിച്ചാൽ പോരാ, സംഘടനാ രംഗത്തുള്ളവരെയും കമ്മിറ്റികളിലേയ്ക്ക് പരിഗണിക്കണമെന്ന് പത്മകുമാർ ആവശ്യപ്പെട്ടിരുന്നു.

error: