KeralaTop Stories

മന്ത്രി ആർ ബിന്ദുവിന് കൊടുത്ത നിവേദനം റോഡരികിലെ മാലിന്യ കൂമ്പാരത്തിൽ

മാലിന്യം തളളിയതിന് 10,000 രൂപ പിഴ ചുമത്തി ചേർപ്പ് പഞ്ചായത്ത്

നിധിൻ ടി. ആർ

തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തിരുവുള്ളക്കാവ് – പാറക്കോവിൽ റോഡിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുത്ത് ചേർപ്പ് ഗ്രാമപഞ്ചായത്ത്. മന്ത്രി ആർ ബിന്ദുവിന് കൊടുത്ത നിവേദനവും
റോഡരികിൽ മാലിന്യത്തോടൊപ്പം കണ്ടെത്തിതിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ നിന്നാണ് മാലിന്യത്തിന്റെ ഉറവിടത്തെ പറ്റി പഞ്ചായത്ത് അധികൃതർക്ക് വിവരം ലഭിച്ചത്.

മാലിന്യ മുക്തം നവകേരളം, സീറോ വേസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വാർഡ് തല ശുചീകരണം നടത്തുന്നതിനിടയിലാണ് തിരുവുള്ളക്കാവ് – പാറക്കോവിൽ റോഡിൽ മൂന്ന് വലിയ പ്ലാസ്റ്റിക് ഗാർബേജ് കവറിൽ മാലിന്യം കെട്ടി നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ജില്ല സാമൂഹിക നീതി ഓഫീസ് എന്ന് പോസ്റ്ററുകൾ മാലിന്യത്തോടൊപ്പം കണ്ടെത്തിയിരുന്നു.

ബേക്കറി സാധനങ്ങൾ പരിപാടിയിൽ വിതരണം ചെയ്ത ബോക്സുകളും ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രിക്ക് ടൗൺഹാളിൽ നടന്ന ചടങ്ങിൽ നൽകിയ നിവേദനവും മാലിന്യത്തിൽ നിന്ന് ലഭിച്ചു. നിവേദനത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പേഴാണ് മാലിന്യത്തിന്റെ ഉറവിടം വ്യക്തമായത്.

വാർഡ് മെമ്പർ ജിജി പെരുവനത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ചവരുടെ വിവരം ലഭിച്ചത്. ചടങ്ങിന് മന്ത്രി കാറിൽ വന്നിറങ്ങിയ ഉടൻ നിവേദനം കൈമാറിയിരുന്നുവെന്ന് അത് നൽകിയ വ്യക്തി പറഞ്ഞതായി ജിജി പെരുവനം ‘തനിറം’ ത്തോട് പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശാരീരിക വൈകല്യം അനുഭവിക്കുന്ന വ്യക്തിക്ക് സർവീസിലെ അവസാന വർഷം തൃശ്ശൂരിലേക്ക് സ്ഥലംമാറ്റം വേണമെന്ന് ആവശ്യമാണ് നിവേദത്തിൽ പറഞ്ഞിട്ടുള്ളത്. മന്ത്രിക്ക് കൊടുത്ത ഈ നിവേദനമാണ് പിറ്റേന്ന് മാന്യത്തിൽ നിന്ന് കണ്ടുകിട്ടിയത്.

ശനിയാഴ്ച തൃശൂർ ടൗൺ ഹാളിൽ തൃശൂർ സമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ നടത്തിയ നശാ (ലഹരി) മുക്ത ഭാരത് അഭിയാൻ എന്ന പരിപാടിയ്ക്ക് ശേഷം ഉണ്ടായ മാലിന്യ അവശിഷ്ടങ്ങളാണ് വഴിയരികിൽ നിക്ഷേപിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ 10,000 രൂപ ചേർപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി. സംഘാടകർക്കെതിരെയാണ് പിഴ ചുമത്തിയത് എന്ന കൗൺസിലർ പറഞ്ഞു. റോഡരികിൽ നിക്ഷേപിച്ച മാലിന്യം പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് മാറ്റി.

error: