പോളി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റ്
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരും ഈ റാക്കറ്റിലെ മുഖ്യ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡല്, സുഹൈല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ബംഗാള്‍ സ്വദേശികളാണ് ഇരുവരും.
രാത്രി 10 മണിയോടെ ആലുവയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഹരിക്കടത്തില്‍ കണ്ണിയായ മറ്റൊരാളെ കൂടി പൊലീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ദീപുവെന്നയാളെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നരക്കിലോ കഞ്ചാവും പിടികൂടിയിരുന്നു.
മറ്റുസംസ്ഥാനങ്ങളില്‍ കുറഞ്ഞവിലയില്‍ കഞ്ചാവ് വാങ്ങി ട്രെയിന്‍മാര്‍ഗം കൊച്ചിയിലേക്ക് എത്തിക്കുകയും മൂന്നിരട്ടി വിലയ്ക്ക് വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഏജന്റുമാരെ ഉപയോഗിച്ചാണ് വില്‍പ്പന. ഒരാള്‍ക്ക് 1000 രൂപ കമ്മീഷന് ലഭിക്കുമെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ഷാരിഖ് ഈ മാസം മാത്രം 60,000 രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൈമാറിയത്. കളമശ്ശേരി പൊലീസിനും ഡന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ റെയിഡ് നടത്തിയത്. ഒരു മുറിയില്‍ നിന്നും 1.9 കിലോ കഞ്ചാവും മറ്റൊരു മുറിയില്‍ ഒമ്പതുഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.