ആരോഗ്യ മന്ത്രി ഡൽഹിയിൽ; ഓണറേറിയം കൂട്ടേണ്ടത് സംസ്ഥാനമെന്ന് ആശമാർ
തിരുവന്തപുരം: സംസ്ഥാനത്ത് ആശ പ്രവർത്തകർ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഡൽഹിയിൽ. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദർശനം എന്നാണ് വിവരം. ഡൽഹി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം ആരോഗ്യമന്ത്രിയെ വിമർശിച്ച് ആശമാർ രംഗത്ത് വന്നു.
ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ തിരുവനന്തപുരത്ത് പ്രതികരിച്ചു. ‘ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല. ഇൻസെന്റിവ് കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലത്.
സമരത്തിൻ്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം.
ആശ വർക്കാർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ട’ – ഇരു നേതാക്കളും പറഞ്ഞു.