ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; അങ്കണവാടി സമരം ആറാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം. സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവർ നിരാഹാരം ഇരിക്കുകയാണ്. നിരാഹാര സമരത്തിന്‍റെ മൂന്നാം ദിനമാണിന്ന്.
കഴിഞ്ഞ ദിവസം വൈകിട്ട് ആശാപ്രവർത്തകയായ ഷീജയ്ക്ക് നിരാഹാര സമരത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മറ്റൊരു ആശാപ്രവർത്തകയായ ശോഭ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു. ആശാപ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.
അതേസമയം വേതന വർധന ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് ഇന്നലെ നേതൃത്വം നൽകിയത്. അംഗണവാടി വർക്കർമ്മാരുടെയും, ഹെൽപ്പർമ്മാരുടെയും ഓണറേറിയം വർധിപ്പിക്കുക എന്നതാണ് ഇവരുടേയും ആവശ്യം.