മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ദുരിതബാധിതർക്കായി ശക്തമായ നടപടികൾ സ്വീകരിക്കും മന്ത്രി കെ. രാജൻ
ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് തറക്കല്ലിടും
വയനാട്(WAYANAD): മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി കെ. രാജൻ വ്യക്തമാക്കി. ദുരന്തബാധിതരുടെ വായ്പ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 752 ദുരിതബാധിത കുടുംബങ്ങളിലായി ഏകദേശം 30 കോടി രൂപ കടബാധ്യതയുണ്ട്. കേന്ദ്ര സർക്കാർ വായ്പ എഴുതിത്തള്ളാൻ തയാറായില്ലെങ്കിലും, സംസ്ഥാന സർക്കാർ ദുരിതബാധിതർക്ക് മേൽ അധിക സാമ്പത്തിക ഭാരം വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
വീടുകളുടെ പുനർനിർമാണം അല്ല, ഒരു ഗ്രാമം പുനർനിർമിക്കലാണ് ലക്ഷ്യം. ദുരന്തബാധിതർക്ക് സുരക്ഷിതമായ സ്ഥലത്ത് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഉറപ്പാക്കുന്നതിനാണ് സർക്കാർ ശ്രമം. വയനാട്ടിൽ ഭൂമി ലഭ്യമാകുന്നത് ദുഷ്‌കരമായതിനാൽ ടൗൺഷിപ്പ് മാതൃക പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ആവശ്യസൗകര്യങ്ങളും ഉള്ള ഒരു ഗ്രാമം രൂപീകരിക്കുക എന്നത് ഇന്ത്യയിൽ ആദ്യമായിരിക്കും.ദുരന്തബാധിതരുടെ ജീവിതനിലവാരത്തെയും സുരക്ഷയെയും മുൻനിർത്തിയുള്ള പദ്ധതിയാണിത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പുനരധിവാസ പദ്ധതിയുടെ കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികളും സർക്കാരിന്റെ പരിഗണനയിലാണ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടൽ ചടങ്ങ് നടക്കുക.
26.56കോടി രൂപ സർക്കാർ ഹൈക്കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയത്. ഡിസംബറോടെ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ തീരുമാനം.
Highlights: K Rajan says that the burden will not be imposed on the disaster victims