പന്നിയങ്കര ടോൾ നിരക്ക് വീണ്ടും വർധിച്ചു; ടോൾച്ചാർജിൽനിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കെ രാധകൃഷ്ണൻ
തൃശൂർ(THRISSUR): വാണിയമ്പാറ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത (NH 544) ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. അതേ സമയം ടോൾ പ്ലാസ പ്രവർത്തനം സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും, ടോൾ ചാർജിൽ നിന്ന് ചില പഞ്ചായത്തുകളെ ഒഴിവാക്കണമെന്നും കെ. രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.
ടോൾ ബൂത്തിൽ നിന്ന് ഏഴര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും, നിലവിൽ ഇളവിന് അപേക്ഷ നൽകിയിട്ടുള്ള സ്വകാര്യ വാഹനയുടമകൾക്കും സൗജന്യ യാത്രയ്ക്കുള്ള പാസുകൾ ലഭിക്കും. 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനയുടമകൾ പ്രതിമാസം 350 രൂപ നിരക്കിൽ പാസ് എടുക്കേണ്ടതുമാണ്. 2009 ഓഗസ്റ്റ് 24-ലെ കരാർ പ്രകാരം 2032 സെപ്റ്റംബർ 14-നാണ് ഇളവ് കാലാവധി അവസാനിക്കുക.
കണ്ണമ്പ്ര, വണ്ടാഴി, കിഴക്കഞ്ചേരി, പുതുക്കോട്, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ നിവാസികൾക്ക് നിർബന്ധമായും ഈ ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടിവരുന്നു. ഇവർ ദീർഘദൂര യാത്രക്കാർ അല്ലെന്നും, ആഴ്ചയിൽ പലവട്ടം യാത്ര ചെയ്യുന്ന നാട്ടുകാർക്കു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ഈ പഞ്ചായത്തുകളെ ടോൾ ചാർജിൽ നിന്ന് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു എംപി ആവശ്യപ്പെട്ടു.
Highlights: Panniyankara Toll Rates Hiked Again; K. Radhakrishnan Demands Exemption for Panchayats