സ്‌കൂൾ പാചക തൊഴിലാളികൾക്ക് 14.29 കോടി അനുവദിച്ച് സർക്കാർ; ഗുണഭോക്താക്കൾ 13,560 പേർ
തിരുവനന്തപുരം(Trivandrum) : സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരി മാസത്തിലെ വേതനം നൽകുന്നതിനായി സംസ്ഥാന സർക്കാർ അധിക സഹായമായാണ് ഈ തുക അനുവദിച്ചത്.
കേരളത്തിലെ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് ഒരു മാസത്തിൽ 20 പ്രവൃത്തി ദിവസങ്ങളുള്ള വേതന പദ്ധതി പ്രകാരം 13,500 രൂപ ലഭ്യമാകുന്നുണ്ട്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം 600 രൂപ മാത്രമാണ്, ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്.
കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ ഇവർക്കു പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെയാണ് നൽകുന്നത്. ഇത് സംസ്ഥാന സർക്കാരിന്റെ അർപ്പണ ബോധത്തിൻറെ പ്രതിഫലനമാണെന്നും, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
Highlights: Government Allocates ₹14.29 Crore for School Cook Workers