KeralaTop Stories

ആശാ വർക്കർമാരുടെ സമരം ശക്തം: നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്, മുടിമുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം(Trivandrum): സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച, മുടി മുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

സംസ്ഥാനവ്യാപകമായി ആശാ വർക്കർമാർ മുടി മുറിച്ച് പ്രതിഷേധം നടത്തും. നേരത്തെ, സെക്രട്ടറിയേറ്റ് സമരപന്തലിൽ മാത്രം മുടി മുറിക്കൽ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും പ്രതിഷേധം വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സർക്കാർ അനാസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ സമരത്തിന്റെ അടുത്ത ഘട്ടം കടുത്ത പ്രതിഷേധങ്ങളിലേക്കാണ് നീങ്ങുന്നത്. സമരത്തിലുള്ള ആശാ വർക്കർമാരും പിന്തുണ അറിയിച്ചെത്തുന്നവരും മുടി മുറിച്ച് പ്രതിഷേധം രേഖപ്പെടുത്തും.

ഉപരോധ സമരത്തിൽ പങ്കെടുത്തവരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സമരം തുടരുന്നതിനിടെ 23 തദ്ദേശ സ്ഥാപനങ്ങൾ ആശാ വർക്കർമാർക്ക് അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് തദ്ദേശ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, ആശാ വർക്കർമാരെ കബളിപ്പിക്കുകയാണെന്നതാണ് തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രതികരണം.

Highlights: ASHA workers’ strike intensifies: Protest by cutting their hair

error: