കാളിയാട്ട കാവൊരുങ്ങി
ചിപ്പി ടി. പ്രകാശ്
കളിയാട്ടം ഒരു നാടിന്റെ, ഒരു കൂട്ടായ്മയുടെ ഉത്സവമാവുകയാണ്. ജാതി, മത ഭേദമന്യേ ഒത്തൊരുമിച്ചു ഞാനും നീയും നമ്മളൊന്ന് എന്ന് വിളിച്ചോതുന്ന മഹോത്സവം. വടക്കാഞ്ചേരി ചിറ്റണ്ടയിലെ ഗ്രാമവീഥികള്‍ കളിയാട്ട മഹോത്സവത്തിനായി ഒരുങ്ങുകയാണ്.
കാവും ഗജനാച്ചുറല്‍ പാര്‍ക്കും കളിയാട്ടത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ബിംബങ്ങളില്‍ കുടിക്കൊള്ളുന്ന ദേവചൈതന്യത്തെ കഠിന വ്രതോപാസനകളിലൂടെ കോലധാരി സ്വശരീരത്തിലേക്ക് ആവാഹിച്ച്, സ്വയം ദൈവമായി അവതരിക്കുമ്പോഴാണ് ഭദ്രകാളി തെയ്യം പിറക്കുന്നത്. ഇതോടെ ചിറ്റï ഗ്രാമവീഥികള്‍ ഭക്തിയില്‍ അലിയും. മുഖത്ത് കരിമ്പട്ടിയും (കറുത്ത നിറം), നേത്രങ്ങളില്‍ ചുവപ്പ് വര്‍ണവും അഗ്നിയും കരിമ്പടിയും ലയിച്ച് ക്രോധോന്മാദഭാവത്തില്‍ ഭദ്രകാളി തെയ്യം ചുവടു വെക്കും. വനശാസ്താവിന്റെ സങ്കല്‍പത്തില്‍ ശാസ്തപ്പന്‍ തിറയും ഭക്തരെ അനുഗ്രഹിക്കാന്‍ എഴുന്നെള്ളും. ഭഗവതിയുടെ അരുള്‍ മൊഴി കേള്‍ക്കാന്‍ ഭക്തര്‍ കാതോര്‍ക്കും…എല്ലാ ആഗ്രഹങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഭഗവതി കാവലാളാകും.
ഐവര്‍മഠത്തിലെ കളിയാട്ടത്തിനുശേഷം കോരപുഴയ്ക്ക് തെക്ക് പൂര്‍ണ അനുഷ്ഠാനങ്ങനളോടെ നടക്കുന്ന രണ്ടാമത്തെ കളിയാട്ടമാണ് ചിറ്റണ്ടയില്‍ അരങ്ങേറുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ആചരിച്ചിരുന്ന തെയ്യകോലങ്ങള്‍ തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. തെയ്യം സ്വന്തം നാട്ടില്‍ അനുഗ്രഹങ്ങളുമായി എത്തുന്നത് ഭക്തരെ കൂടുതല്‍ ആവേശത്തിലാക്കുന്നു. ഏപ്രില്‍ രണ്ടിനാണ് ഗജനാച്ചുറല്‍ പാര്‍ക്കില്‍ രാവിലെ പുതിയകാവ് ഭഗവതിയുടെ പീഠ പ്രതിഷ്ഠയോടെ മഹോത്സവത്തിന് തുടക്കമാകുക.
മൂന്നിന് വൈകിട്ട് കാവ് കയറുന്നതോടെ കളിയാട്ടത്തിന് ആരംഭമാകും. കരിക്കില്‍ അയ്യപ്പ സ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നും 1001 താലത്തിന്റെയും വാദ്യ മേളത്തിന്റെയും അകമ്പടിയോടെ പെരുമലയനെ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ച് ആനയിക്കും. ഓലച്ചൂടിന്റെ കുങ്കുമശോഭയില്‍ ചെണ്ടവാദ്യത്തിന്റെ മേളപ്പെരുമയില്‍ ചിലമ്പൊലിയുടെ മാസ്മരിക ലഹരിയില്‍ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ തിരുമുറ്റം നിദ്രവിട്ടുണരും…
ആദ്യ കളിയാട്ട മഹോത്സവത്തിന്റെ അരങ്ങ്, നാടിന്റെ മാറ്റത്തിനുള്ള തിരികൊളുത്തല്‍ കൂടിയാണ്. മനസുകള്‍ പ്രകാശിതമാവുന്ന നാളെയിലേക്കുള്ള തിരിവെട്ടം. എല്ലാവരും സന്താപങ്ങളില്ലാതെ സന്തോഷത്തോടെ കഴിയുന്ന നാടിന്റെ ആഘോഷമാകും പുതിയകാവിലെ കളിയാട്ട മഹോത്സവമെന്ന് സംഘാടകരായ എലിഫെന്റ് വെല്‍ഫെയര്‍ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. മനോജ്കുമാറും സെക്രട്ടറി പി. ശശികുമാറും പറഞ്ഞു.
Highlights: Chittanda puthiyakavu bhagavathy kaliyatta maholsavam 2025