ബിജു കൊലക്കേസ്: നിര്‍ണായക വിവരങ്ങളറിയുന്ന പ്രതി അറസ്റ്റിൽ
തൊടുപുഴ(Thodupuzha): ഇടുക്കി തൊടുപുഴയിൽ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങളറിയുന്ന ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് ഇയാൾ. കൊലപാതകത്തിനുശേഷം പ്രതി ജോമോൻ ആദ്യമായി വിളിച്ചത് എബിനെയാണ്. ‘ദൃശ്യം 4’ നടപ്പാക്കിയെന്ന് പറയുന്ന ഫോൺ സംഭാഷണവും പൊലീസ് കേട്ടെടുത്തിട്ടുണ്ട്.
മാർച്ച് 15 മുതൽ ആരംഭിച്ച ആസൂത്രണത്തിനിടയിലെ പ്രധാന ഘട്ടങ്ങളിൽ എബിൻ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. കൊച്ചിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ കൊണ്ടുവരുമ്പോഴും, ക്രിമിനൽ നീക്കങ്ങൾക്ക് വേണ്ടിയുള്ള ഒമ്നിവാൻ ലഭ്യമാകുമോയെന്ന് ജോമോൻ എബിനോട് ചോദിച്ചിരുന്നുവെന്നും വിവരം. ക്രൂരകൃത്യത്തിന് ശേഷം പുതിയ ഫോണിനായി ജോമോണിന് പണം നൽകി സഹായിച്ചതും എബിനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ജോമോനും എബിനും തമ്മിലുള്ള നിർണായക ഫോൺ സംഭാഷണങ്ങളുടെ ശബ്ദപരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എബിനോട് കൂടി കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈവശമുള്ളതായി കരുതുന്ന ജോമോന്റെ ഭാര്യയ്ക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പോലീസ് വിവരം നൽകി. തെളിവ് നശിപ്പിക്കൽ ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരെയും ചുമത്താനാണ് സാധ്യത.
ഇതിനിടെ, കേസിലെ മുഖ്യപ്രതികളായ ജോമോൻ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്. പൊലീസ് കൂടുതൽ തെളിവുകൾ സമാഹരിക്കുന്നതിനായി ഇവരുടെ കസ്റ്റഡി കാലാവധി നീട്ടാൻ ശ്രമിക്കാനാണ് സാധ്യത.
Highlights: Biju Murder Case: Key Informant Accused Arrested