Kerala

ആർഎസ്എസിന്റെ അനുമതി വാങ്ങിയില്ല’; പാലക്കാട് ഹെഡ്ഗെവാർ പേരിടൽ വിവാദത്തിൽ ബിജെപിയിൽ ഭിന്നത

പാലക്കാട്(Palakkad): ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ പാലക്കാട് ബിജെപി രണ്ട് തട്ടിൽ. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന്  ഹെഡ്ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം നിർമിച്ച ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എസ്പിക്ക് പരാതി നൽകി.

പാലക്കാട് നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപക നേതാവ് കെ ബി ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിനെതിരെ യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധം നിലനിൽക്കെയാണ് ബിജെപിക്കകത്തും അതൃപ്തി പുകയുന്നത്. ഹെഡ്ഗെവാറിൻ്റെ പേര് വിവാദമാക്കിയത് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്.

ഹെഡ്ഗേവാറിൻ്റെ പേര് നൽകണമായിരുന്നെങ്കിൽ പാർട്ടി നേതൃത്വത്തിൻ്റെ അനുമതി മുൻകൂട്ടി വാങ്ങണമായിരുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അടങ്ങുന്ന ഒരു വിഭാഗം ബിജെപി കൗൺസിലർമാർ മാത്രം അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി കൗൺസിലർമാരെ ഇക്കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒരു സ്ഥാപനത്തിന് പേര് നൽകുമ്പോൾ സാങ്കേതികമായി പാലിക്കേണ്ട കാര്യങ്ങൾ നഗരസഭ പാലിച്ചില്ലെന്നും ആക്ഷേപമുയർന്നു. പേരിനെ ചൊല്ലി പോര് തുടരുമ്പോൾ പേര് മാറ്റില്ലെന്ന നിലപാടിലാണ് നഗരസഭ.

Highlights: Did not take permission from RSS’; BJP split over Palakkad Hedgewar naming controversy from

error: