കുരുന്നോര്‍മകള്‍ക്ക് “ജീവൻ” നല്കി സര്‍ക്കാര്‍; കുഞ്ഞുങ്ങളുടെ ഡയറി കുറിപ്പുകള്‍ ഇനി പുസ്തകത്തില്‍
ഞാൻ സ്കൂളിൽനിന്നു വന്നപ്പോൾ ഒരു മഞ്ഞ കിളി പുളി മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു…’ ഒന്നാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ അർഷിക് പിഎം കുറച്ചുകാലം മുമ്പ് തൻ്റെ ഡയറിയിൽ എഴുതിയതാണിത്. എഴുത്തിന് താഴെ ക്രയോണുകള്‍ കൊണ്ട് രസകരമായ ഒരു മരത്തിന്റെയും കിളിയുടെയും ചിത്രം വരച്ചു. കുട്ടികള്‍ അവരുടെ കുരുന്നോർമകള്‍ എഴുതി സൂക്ഷിക്കുന്ന ആ ഡയറിയില്‍…
കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണിത്. തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ഒരിടം. ഒരു ഡയറി സമ്മാനമായി നല്കിയ അവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി നമുക്ക് കാണാം… അത്രമേല്‍ പ്രിയപ്പെട്ടതാണ് അവര്‍ക്കത്. കുട്ടിക്കാലത്ത് ഡയറി ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നൊന്നും നിലനില്‍ക്കുന്ന നല്ല ഓര്‍മകള്‍ ഇതില്‍ കാണാം. ഇപ്പോള്‍ ഈ കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറി കുറിപ്പുകള്‍ ഇനി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇനി മുതൽ മികച്ച ഡയറി കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കും. സ്കൂള്‍ തലത്തിൽ കുട്ടികളുടെ എഴുത്തുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം.
അധ്യാപകര്‍ കുട്ടികളോട് ഡയറിയെഴുതാൻ ആവശ്യപ്പെടാറുണ്ടെങ്കിലും, വിദ്യാഭ്യാസ വകുപ്പിൻ്റെ ചരിത്രത്തിലാദ്യമായാണ് കുട്ടികളുടെ എഴുത്തുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. അർഷിക്കിനെപ്പോലെ കേരളത്തിലുടനീളമുള്ള സർക്കാർ സ്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ എഴുത്തുകള്‍ ഇനിമുതൽ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടും. ‘കുരുന്നെഴുത്തുകൾ’ എന്നാണ് ഈ പദ്ധതിയ്ക്ക് പേര് നൽകിയിരിക്കുന്നത്.
കുരുന്നെഴുത്തുകൾ’ എന്ന പുസ്തകത്തിൻ്റെ എഡിറ്റർ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്. കുട്ടികളുടെ എഴുത്തുകള്‍ പുസ്തകമാക്കി ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കുട്ടി എഴുത്തുകാരുടെ ചിന്തകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രചനകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ഒന്നാം ക്ലാസ് കുട്ടികളുടെ ഡയറി എഴുത്തുകള്‍ പുസ്തമായി പ്രസിദ്ധീകരിക്കുന്നത്.
Highlights: Children’s diary entries now in a book