KeralaTop Stories

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ AMMA നടപടി ഉടനില്ല; ഫിലിം ചേംബർ അടിയന്തര യോഗം നാളെ

കൊച്ചി(Kochi): ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ താര സംഘടനയായ AMMA ഉടൻ നടപടിയെടുക്കില്ല. ജൂണിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിലായിരിക്കും നടപടി സംബന്ധിച്ച ചർച്ച ഉണ്ടാകുക. വിഷയം അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടൻ റിപ്പോർട്ട്‌ നൽകും. ഫിലിം ചേംബറിന്‍റെ അടിയന്തര യോഗം നാളെ കൊച്ചിയിൽ ചേരും.


അതേസമയം, ഷൈൻ ടോം ചാക്കോയോട് ഏപ്രിൽ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ഏപ്രിൽ 22 ചൊവ്വാഴ്ചയാണ് ഷൈൻ ഹാജരാകേണ്ടത്. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേർന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈൻ ടോം ചാക്കോയുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കും. ഷൈൻ ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നപ്പോൾ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഷൈനെ കാണാനെത്തിയവരിൽ പെൺസുഹൃത്തും ഉണ്ട്. ഷൈന് ഹോട്ടലിൽ നിന്നും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായി നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗത്തിനും ഗൂഢാലോചന നടത്തുന്നതിനുമാണെന്നാണ് എഫ്ഐആറിൽ ഉള്ളത്. ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പൊലീസിൻ്റെ തുടർ നീക്കം. ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

Highlights: AMMA to take action against Shine Tom Chacko

error: