കോതമംഗലം ഗ്യാലറി അപകടം: സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി(Kochi): കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്നുവീണ് ഉണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിൽ സംഘാ രുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് പൊലീസ് നിഗമനം.
അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ, വിജയികൾക്കുള്ള ട്രോഫിയുമായി സംഘാടകസമിതി വലംവയ്ക്കുന്നതിനിടെയാണ് താൽക്കാലികമായി ഒരുക്കിയ ഗാലറി തകർന്നത്. മത്സരം തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് തടി കാലുകൾ മണ്ണിൽ കുഴഞ്ഞതാണെന്ന് പ്രാഥമിക നിഗമനം.
അപകടത്തിൽ 52 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ നാല് പേർ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബേബി മെമ്മോറിയൽ, ഹോളി ഫാമിലി, ബസേലിയോസ് ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. ടൂർണമെൻറിന്റെ ഫൈനൽ മത്സരമായിരുന്നു നടക്കുന്നത്. കവുങ്ങിന്‍റെ തടികൊണ്ട് നിർമിച്ച താൽക്കാലിക ഗാലറിയാണ് തകർന്നത്.
സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചുവെന്നും ആരുടെയും പരിക്ക് അത്ര ഗുരുതരമല്ലെന്നുമാണ് ക്ലബ് അധികൃതരുടെ വിശദീകരണം. എല്ലാ തയ്യാറെടുപ്പുകളും മുൻകൂട്ടി അനുമതിയോടെ നടത്തിയിരുന്നുവെന്നും അവർ അറിയിച്ചു. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നാലായിരത്തോളം ആളുകളാണ് മത്സരത്തിന് സാക്ഷിയാവാൻ എത്തിയിരുന്നത്. 50 രൂപയായിരുന്നത് പ്രവേശന ടിക്കറ്റിന്റെ നിരക്ക്. അവധി ദിനമായതിനാൽ വലിയ ജനക്കൂട്ടമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഗാലറി പിന്നോട്ട് മറിഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് പോത്താനിക്കാട് പൊലീസ് ഇപ്പോഴും പരിശോധന തുടരുകയാണ്.
Highlights: Kothamangalam gallery accident: Police register case against organizing committee