ആശ്വാസം; റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി
തൃശൂർ(Thrissur): റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി. തൊഴിൽ തട്ടിപ്പിനിരയായി റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജെയിൻ കുര്യനാണ് ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ ജയിൻ ഡൽഹിയിൽ എത്തിയതായി കുടുംബത്തിന് സന്ദേശം ലഭിക്കുകയായിരുന്നു. ഇന്നുതന്നെ നാട്ടിലെത്താനാണ് സാധ്യത. ചികിത്സയ്ക്ക് ശേഷം വീണ്ടും സൈനിക ക്യാമ്പിലേക്ക് മാറ്റാൻ റഷ്യ ശ്രമിക്കുന്നതായി നേരത്തെ ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു.
റഷ്യൻ സൈന്യവുമായി കരാർ കാലാവധി അവസാനിച്ചെങ്കിലും കരാർ പുതുക്കി വീണ്ടും സൈന്യത്തിൽ ചേർക്കാനാണ് ശ്രമമെന്ന് സംശയിക്കുന്നതായി ജെയിൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് ആശ്വാസമായി ജെയിൻ നാട്ടിലെത്തിയ വാർത്ത വരുന്നത്.
2025 ജനുവരിയിൽ റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ ജെയിനിന്റെ ബന്ധു കൂടിയായ തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു മരണപ്പെട്ടിരുന്നു. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു.
ജെയിനും യുദ്ധമുഖത്ത് മുന്നണി പോരാളിയായിരുന്നു. യുദ്ധത്തിൽ ജെയിനിന് മാരകമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ജെയിനെ ജനുവരി ആറിന് മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനും മറ്റും പരിക്കേറ്റ് ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നായിരുന്നു ജെയിനിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മോസ്‌കോയിലെ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായി. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.
Highlight: Relief; Thrissur native trapped in Russian mercenaries returns to India