അനധികൃത സ്വത്തുസമ്പാദന കേസ്; കെ.എം. എബ്രഹാമിനെതിരെ കേസെടുത്ത് സി.ബി.ഐ
തിരുവനന്തപുരം(Thiruvananthapuram): അനധികൃത സ്വത്തുസമ്പാദന പരാതിയില്‍ കെ.എം. എബ്രഹാമിനെതിരെ കേസെടുത്ത് സി.ബി.ഐ. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കൊച്ചി സി.ബി.ഐ യൂണിറ്റാണ് കേസെടുത്തത്. അഴിമതി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കെ.എം. എബ്രഹാമിനെതിരായ എഫ്.ഐ.ആര്‍ ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണ് കെ.എം. എബ്രഹാം. കിഫ്ബി സി.ഇ.ഒ പദവിയും കെ.എം. എബ്രഹാം വഹിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ സി.ബി.ഐക്ക് കൈമാറണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് കെ. ബാബു ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.
ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തത്.
2018ല്‍ സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി. 2015ല്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയിലിരിക്കെ കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജോമോന്റെ ആരോപണം.
കഴിഞ്ഞ ദിവസം, പരാതിയില്‍ ചില നിയമപരമായ വശങ്ങള്‍ ഏബ്രഹാമും ഉന്നയിക്കുന്നുണ്ടെന്നും അവ തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പരാതി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
താന്‍ ചൂണ്ടിക്കാട്ടിയ പല വാദങ്ങളും കോടതി മുഖവിലക്കെടുത്തില്ലെന്ന് കാണിച്ച് കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Highlight: CBI files case against KM Abraham in disproportionate assets case