അനാരോഗ്യമില്ല; കെ.പി.സി.സി. അധ്യക്ഷസ്ഥാനം തത്കാലം ഒഴിയില്ല: നിലപാട് വ്യക്തമാക്കി സുധാകരൻ
തിരുവനന്തപുരം(Thiruvananthapuram): കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് തന്നോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.സുധാകരൻ എം.പി. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനെ മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിച്ചുവെന്ന് വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ മാറണമെന്ന് നേരിയ സൂചന പോലും ലഭിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റിയാണ് രാഹുൽഗാന്ധി, മല്ലികാർജുന ഖാർഗെ എന്നിവരുമായി ഡൽഹിയിൽ ചർച്ചനടത്തിയത്. നേതൃമാറ്റം ചർച്ചയായില്ല- കെ. സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ താൻ ഒഴിയുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. പുതിയ പേരുകൾ എവിടെ നിന്ന് വരുന്നുവെന്ന തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലരും എനിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാൽ തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ ഇല്ലയോ എന്നത് താനല്ലേ പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു.
തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ചിലർ ബോധപൂർവ്വം പറഞ്ഞുപരത്തുകയാണ്. താൻ രോഗിയാണെന്ന് കാട്ടി മൂലയ്ക്ക് ഇരുത്തുവാൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു നേതാവാണ് ഇതിനുപിന്നിൽ. തന്നെ കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി മാറ്റില്ലെന്ന് ഉറപ്പാണെന്നും കെ സുധാകരൻ കൂട്ടിചേർത്തു.
Highlights:”Not unwell; will not step down from KPCC president post for now: Sudhakaran clarifies his stand”