ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം
മലപ്പുറം(Malappuram): മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്.
രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടില്ല.
ഈ വാർഡുകൾക്ക് പുറമെ ജില്ലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ട്യൂഷൻ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്‌ക് ധരിച്ചിക്കണം. കൂടിച്ചേരലുകൾ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടണം. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
Highlights: Nine wards declared as Nipah containment zones; commercial establishments to operate only from 8 AM to 6 PM.