വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിഷാഹാരം? കൊച്ചിയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കൊച്ചി(KOCHI): കടവന്ത്രയിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികളിലേക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയ ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
കടവന്ത്രയിൽ ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരിൽ സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. അടച്ചുറപ്പില്ലാതെ തുറന്നുവെച്ച നിലയിലായിരുന്നു ഭക്ഷണം സൂക്ഷിച്ചിരുന്നത്. ഈച്ചയിരിക്കുന്ന നിലയിൽ കണ്ടെത്തിയ ഭക്ഷണപ്പൊതികളിൽ വന്ദേഭാരതിൻ്റെ സ്റ്റിക്കറുകളും പതിച്ചിരുന്നു.
യാതൊരുവിധ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ ഭക്ഷണം കാലാവധി കഴിഞ്ഞതാണെന്നും തുറന്ന നിലയിലാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പരിശോധന നടക്കുന്ന സമയത്ത് സ്ഥാപനവുമായി ബന്ധപ്പെട്ട ആരും സ്ഥലത്തുണ്ടായിരുന്നില്ല. പരിശോധനയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ് ഇവർ രക്ഷപ്പെട്ടതാണോ എന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സ്ഥാപനത്തിൽ മലിനജലം പുറത്തേക്ക് ഒഴുക്കുന്നതിന് ശരിയായ സംവിധാനം ഇല്ലായിരുന്നു. വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. ഈ സ്ഥാപനത്തിന് മുമ്പും പലതവണ പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇനിയൊരു അവസരം നൽകില്ലെന്നും സ്ഥാപനം അടച്ചുപൂട്ടാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
Highlights:Vegan food for Vande Bharat and other trains? Stale food seized in Kochi