ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: സീനിയർ അഭിഭാഷകൻ ഒളിവിൽ
ബെയിലിനെ ബാർ അസോസിയേഷനിൽനിന്നു സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം(Thiruvanathapuram): വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ സീനിയർ അഭിഭാഷകൻ ഒളിവിലെന്ന് പൊലീസ്. പൂന്തുറ ദാസ് ഭവനിൽ വൈ. ബെയ്ലിൻ ദാസ് എന്ന സീനിയർ അഭിഭാഷകനെതിരേയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാൾ മുൻകൂർ ജാമ്യം നേടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അഭിഭാഷകയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു.
മുഖത്തു ക്രൂരമായി മർദനമേറ്റു വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ഓഫീസിൽ കുഴഞ്ഞു വീണ അഭിഭാഷക പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മർദനത്തെത്തുടർന്നു മുഖത്തു നേരിയ പൊട്ടലേറ്റ ശ്യാമിലിയെ വിദഗ്ധ ചികിത്സയ്ക്കായി വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നോടെ വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ബെയ്ലിൻ ദാസിൻറെ ഓഫീസിലായിരുന്നു സംഭവം. ഇയാളുടെ ഓഫീസിലെ ജൂനിയറായിരുന്നു ശ്യാമിലി. കഴിഞ്ഞയാഴ്ച ജോലിയിൽ നിന്നു നീക്കിയ ശ്യാമിലിയെ തിരികെവിളിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. തന്നെ ജോലിയിൽ നിന്നു മാറ്റാനുള്ള കാരണം ചോദിച്ചപ്പോഴാണ് ക്രൂരമായി മർദിച്ചതെന്ന് യുവതി പൊലീസിൽ മൊഴി നൽകി.
കണ്ണിനും താടിയെല്ലിനും മർദനമേറ്റു. നിലത്തുവീണിട്ടും മർദിച്ചെന്നാണ് യുവതി വ്യക്തമാക്കിയത്. യുവതിയുടെ പരാതിയെത്തുടർന്ന് ഇന്നലെ വഞ്ചിയൂർ കോടതിയിൽ വച്ച് അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ ഏതാനും അഭിഭാഷകർ തടഞ്ഞിരുന്നു. ഇതിനിടെ അഭിഭാഷകൻ ബെയ്ലിൻ ദാസ് രക്ഷപ്പെട്ടിരുന്നു. ഇയാളെ ബാർ അസോസിയേഷനിൽനിന്നു സസ്പെൻഡ് ചെയ്തതായി ഭാരവാഹികൾ വ്യക്തമാക്കി.
അതേ സമയം അഞ്ചു മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു.
Highlights: Junior lawyer assault case: Senior lawyer arrested, bail suspended from Bar Association