കെപിസിസി അധ്യക്ഷ സ്ഥാനമാറ്റം; അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ
കണ്ണൂർ(Kannur): കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ. തൻറേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും വർക്കിങ് പ്രസിഡൻറുമാരുടെ നിയമനങ്ങൾ തന്നോട് പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. തനിക്കൊപ്പം പ്രവർത്തകരുണ്ട്. ജീവൻ പോലും തരാൻ തയാറായ നിരവധി അണികൾ തൻറെ കൂടെയുണ്ട്.
അവരെ ഒപ്പം കൂട്ടാൻ എനിക്ക് യാതൊരു പ്രയാസവുമില്ല. താനൊന്ന് ഞൊടിച്ചാൽ പത്തിരട്ടി ഞൊടിക്കുന്ന അണികളുണ്ട്. നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പരിചയസമ്പന്നരെയാണ്. ഉയരുന്നവരെ പിടിച്ചുകെട്ടാൻ ആളുകളുണ്ട്. കൂടുതൽ പറഞ്ഞാൽ നേതാക്കൾക്ക് ഇൻസൾട്ടുണ്ടാകും.
താൻ പരിചയസമ്പന്നനായ നേതാവാണെന്നും നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ലെന്ന വികാരം തനിക്കുണ്ടെന്നും കെ സുധാകരൻ തുറന്നടിച്ചു. സണ്ണി ജോസഫിനെ നിയമിച്ചത് തൻറെ അഭിപ്രായം പരിഗണിച്ചാണെന്നും തന്നെ മാറ്റിയ രീതി ശരിയാണോയെന്ന് നേതാക്കളോട് ചോദിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
Highlights: KPCC president’s position changed; K Sudhakaran expresses dissatisfaction