ബോണറ്റിൽ വലിച്ചിഴച്ചു; ബ്രേക്കിട്ടപ്പോൾ നിലത്തുവീണ ഐവിനെ 20 മീറ്ററോളം നിലത്തിട്ട് ഉരച്ചു: നടന്നത് ക്രൂരകൊലപാതകം
കൊച്ചി(kochi): വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിൽ നടന്നത് ക്രൂരമായ കൊലപാതകമാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്ത അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിൻ ജോജോ (24) ആണ് മരിച്ചത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിൽ എസ്ഐ തസ്തികയിൽ ജോലി ചെയ്യുന്ന വിനയ കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളാണ് ഇരുവരുമെന്ന് റൂറൽ എസ്പി എം. ഹേമലത പറഞ്ഞു. 2 ജീവനക്കാരെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തു.
നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാർ അടക്കം ഒട്ടേറെ പേർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ വച്ചാണ് പ്രതികളും ഐവിനും തമ്മിൽ തർക്കമുണ്ടായത്. കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാർ ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നത് എന്ന് ഐവിൻ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാർ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. താൻ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും കേൾക്കാം. ഇംഗ്ലിഷിലാണ് സംസാരം. ഇതിനിടെ ഒട്ടേറെ വാഹനങ്ങൾ ഇരു കൂട്ടർക്കുമിടയിലൂടെ കടന്നു പോകുന്നുണ്ട്.
കുറച്ചു സമയത്തെ തർക്കത്തിനു ശേഷം സിഐഎസ്എഫുകാർ കാർ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കാതെ പോകാൻ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിൻ ഇവരുടെ കാറിന്റെ മുന്നിൽ കയറി നിന്ന് ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഇതോടെ സിഐഎസ്ഫുകാർ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.
‘ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോൺസ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിൽ വച്ച് കാർ സഡൻ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്’ പ്രതികൾ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പൊലീസും ആംബുലൻസുമെത്തിയാണ് ഐവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ മോഹനെ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇരുവരെയും ചോദ്യം ചെയ്യുകയാണ്.
Highlights: He was dragged by the bonnet; Ivy fell to the ground when he applied the brakes and was dragged for 20 meters: a brutal murder