തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ നിയമ നടപടി തുടങ്ങി
തിരുവനന്തപുരം(Thiruvanathapuram): തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരന്റെ മൊഴിയെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. വെളിപ്പെടുത്തലിൽ കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആലപ്പുഴ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഇതിന് പിന്നാലെയാണ് നിയമ നടപടികളിലേക്ക് കടന്നത്.
സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സി പി എം സ്ഥാനാർഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്. 36 വർഷം മുമ്പ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരൻ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നത്. 1989ൽ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി. ചില എൻ ജി ഒ യൂനിയൻകാർ എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാർഥികളും വോട്ട് ചെയ്തത് എതിർ സ്ഥാനാർഥിക്കായിരുന്നു എന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
Highlights: Legal action initiated against G Sudhakaran for alleged postal vote manipulation