KeralaTop Stories

മെസി കേരളത്തിൽ എത്തും, ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും: വി. അബ്ദുറഹിമാൻ

കോട്ടയം(Kottayam): മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മെസി കേരളത്തിലേയ്ക്ക് വരുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും കായിക മന്ത്രി പറഞ്ഞു. അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തുമെന്നും എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാൻ അറിയിച്ചു. 

അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം കായിക മന്ത്രി അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞതെന്നും പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

ഖത്തര്‍ ലോകകപ്പോടെ അര്‍ജന്‍റീന ടീമിനും മെസിക്കും കൈവന്ന വര്‍ദ്ധിച്ച സ്വീകര്യതയും ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട് ഷെയര്‍ ചെയ്ത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച താല്‍പര്യവുമെല്ലാം അനുകൂലമായി വന്ന സാഹചര്യത്തിലായിരുന്നു അര്‍ജന്‍റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്ന തരത്തിൽ വാര്‍ത്തകള്‍ വന്നത്. എന്നാല്‍, മെസിയെയും സംഘത്തെയും കൊണ്ടുവരാനുള്ള ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഈ സാധ്യത തള്ളിക്കളഞ്ഞു. ഇതോടെയാണ് വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നും മെസിയെയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത്. 

Highlights: Messi will arrive in Kerala, decision on opposing team will be made within a week: V. Abdurahman

error: