വരയന്നൂർ സുരേഷിന്റെ മരണം, ദുരൂഹതയേറുന്നു, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സാധ്യത
വരയന്നൂർ(varaynnur) : കഞ്ചാവ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.രാത്രി വൈകി സുരേഷിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ സംഘം ആരാണ്? കിലോമീറ്ററുകൾ അകലെയുള്ള കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ സുരേഷ് എങ്ങനെ എത്തി? പൊലീസിന് മേൽ സംശയങ്ങൾ ബലപ്പെടുന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനാണ് സാധ്യത.
മാർച്ച് 16ന് വരയന്നൂരിലെ കനാലിന് സമീപം നിന്ന് കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പൊലീസ് സുരേഷിനെ പിടികൂടിയത്. പെറ്റി കേസെടുത്ത ശേഷം അന്ന് വൈകിട്ട് തന്നെ വിട്ടയച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാത്രി വൈകി പൊലീസ് എന്ന് തോന്നിക്കുന്ന ഒരു സംഘം സുരേഷിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയെന്ന് അമ്മയും അയൽവാസികളും പറയുന്നു. ആരാണ് ഈ സംഘം.? ലഹരി കേസുകൾ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ ഡാൻസ് സാഫ് സംഘം ചോദ്യം ചെയ്യാൻ കൊണ്ടുപോയതാണോ.? അതോ ലഹരി മാഫിയ സംഘമാണോ സുരേഷിനെ കൊണ്ടുപോയത് ?
ഇതിൽ കൃത്യമായി മറുപടി പൊലീസിന് ഇല്ല. ഡ്രൈവർ ജോലി ചെയ്യുന്ന പുല്ലാടുള്ള വീട്ടിൽ അടുത്ത ദിവസം സുരേഷ് പോയിരുന്നു. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്ന് വീട്ടുകാരോട് അയാള് പറഞ്ഞിരുന്നു. കഞ്ചാവ് കേസിൻ്റെ തുടർഅന്വേഷണത്തിന് മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വിവരമുണ്ട്. കോയിപ്രം പോലീസ് അത് നിഷേധിക്കുന്നുണ്ടെങ്കിലും രഹസ്യ അന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതിനുശേഷം സുരേഷിനെ കുറിച്ച് ആർക്കും ഒരു വിവരവുമില്ല. പിന്നീടാണ് മാർച്ച് 22 ന് കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങിയ നിലയിൽ സുരേഷിനെ കണ്ടെത്തിയത്.
Highlights: Death of Varanannoor Suresh shrouded in mystery; investigation likely to be handed over to Crime Branch.